---
title: "റീട്ടെയ്ൽ വിപണി പിടിച്ചടക്കി ലുലു; 71,585 കോടിയുടെ റെക്കോർഡ് വരുമാനം, വിജയഗാഥ തുടരുന്നു!"
english_title: "Lulu conquers the retail market"
publisher: "truevisionnews.com"
canonical_url: "https://truevisionnews.com/news/341986/Lulu conquers the retail market"
published_at: "2026-02-14T15:22:00+05:30"
category: "National"
language: "ml"
image: "https://cf.zdn.im/img/truevisionnews.com/0/image-uploads/699049a1ab6fc_tru6.jpg"
keywords: []
---

# റീട്ടെയ്ൽ വിപണി പിടിച്ചടക്കി ലുലു; 71,585 കോടിയുടെ റെക്കോർഡ് വരുമാനം, വിജയഗാഥ തുടരുന്നു!

> **Lead Summary:** **[[truevisionnews.com]] **ലോകമെമ്പാടുമുള്ള റീട്ടെയ്ൽ വിപണിയിൽ ലുലു ഗ്രൂപ്പിന്റെ ജൈത്രയാത്ര തുടരുന്നു. 2025 സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനം കൈവരിച്ച് ലുലു റീട്ടെയ്ൽ ചരിത്രപരമായ നേട്ടമാണ് സ്വന്തമാക്കിയത്.

## Article Content

**[[truevisionnews.com]] **ലോകമെമ്പാടുമുള്ള റീട്ടെയ്ൽ വിപണിയിൽ ലുലു ഗ്രൂപ്പിന്റെ ജൈത്രയാത്ര തുടരുന്നു. 2025 സാമ്പത്തിക വർഷത്തിൽ 71,585 കോടി രൂപയുടെ റെക്കോർഡ് വരുമാനം കൈവരിച്ച് ലുലു റീട്ടെയ്ൽ ചരിത്രപരമായ നേട്ടമാണ് സ്വന്തമാക്കിയത്.

ലാഭവിഹിതത്തിന്റെ കാര്യത്തിലും നിക്ഷേപകർക്ക് വലിയ സന്തോഷം നൽകുന്ന കണക്കുകളാണ് ഗ്രൂപ്പ് പുറത്തുവിട്ടിരിക്കുന്നത്. ഈ സാമ്പത്തിക വർഷത്തിന്റെ രണ്ടാം പകുതിയിൽ മാത്രം 887.58 കോടി രൂപ ലാഭവിഹിതമായി പ്രഖ്യാപിച്ചതോടെ, വർഷത്തെ ആകെ ലാഭവിഹിതം 1785 കോടി രൂപയായി വർദ്ധിച്ചു.

1856 കോടി രൂപയാണ് ലുലുവിന്റെ ഈ വർഷത്തെ ആകെ അറ്റാദായം. വികസനത്തിന്റെ കാര്യത്തിലും ലുലു പുതിയ നാഴികക്കല്ലുകൾ പിന്നിടുകയാണ്. 2025-ൽ മാത്രം 20 പുതിയ സ്റ്റോറുകളാണ് വിവിധ രാജ്യങ്ങളിലായി ഗ്രൂപ്പ് ആരംഭിച്ചത്.

ഈ മുന്നേറ്റം അവിടെ അവസാനിക്കുന്നില്ലെന്നും വരും വർഷങ്ങളിൽ കൂടുതൽ കരുത്തോടെ മുന്നോട്ട് പോകുമെന്നും ലുലു ഗ്രൂപ്പ് ചെയർമാൻ എം.എ. യൂസഫലി വ്യക്തമാക്കി. 2026 മുതൽ 2028 വരെയുള്ള കാലയളവിൽ 50 പുതിയ സ്റ്റോറുകൾ കൂടി ലോകത്തിന്റെ വിവിധ ഭാഗങ്ങളിൽ തുറക്കാനാണ് ഗ്രൂപ്പ് ലക്ഷ്യമിടുന്നത്.

നിക്ഷേപകർക്ക് സുസ്ഥിരവും ദീർഘകാലാടിസ്ഥാനത്തിലുള്ളതുമായ നേട്ടം നൽകുക എന്നതാണ് ലുലുവിന്റെ നയമെന്നും അദ്ദേഹം കൂട്ടിച്ചേർത്തു. പരമ്പരാഗത വിപണന രീതികൾക്കൊപ്പം ഓൺലൈൻ ഷോപ്പിംഗ് രംഗത്തും ലുലു വൻ മുന്നേറ്റമാണ് കാഴ്ചവെച്ചത്.

ഇ-കൊമേഴ്സ് വിഭാഗത്തിൽ മാത്രം 38.6 ശതമാനത്തിന്റെ അധിക വളർച്ച രേഖപ്പെടുത്തിയപ്പോൾ, ആകെ ഓൺലൈൻ വളർച്ച 51.8 ശതമാനത്തിലെത്തി. ലുലുവിന്റെ 'ഹാപ്പിനെസ് ലോയൽറ്റി മെമ്പർഷിപ്പ്' പ്രോഗ്രാമും ഉപഭോക്താക്കൾക്കിടയിൽ വലിയ സ്വീകാര്യതയാണ് നേടുന്നത്.

നിലവിൽ 8.4 മില്യൺ ഉപഭോക്താക്കളാണ് ഈ ലോയൽറ്റി പ്രോഗ്രാമിൽ അംഗങ്ങളായിട്ടുള്ളത്. സ്വന്തം ബ്രാൻഡായ പ്രൈവറ്റ് ലേബലിലും 29.8 ശതമാനത്തിന്റെ വളർച്ച കൈവരിക്കാൻ സാധിച്ചുവെന്നത് ലുലുവിന്റെ വിപണിയിലെ ആധിപത്യം വീണ്ടും ഉറപ്പിക്കുന്നു.

**
**

### Related Links & Sources
- [Original Story Source](https://truevisionnews.com/news/341986/Lulu conquers the retail market)